വാസ്തവം
പഴയ പശ്ചാത്തലം. പഴയ കഥാപാത്രങ്ങള്‍. പഴയ കഥാസന്ദര്‍ഭങ്ങള്‍. എന്നാലും കഥയില്‍ പുതുമയില്ലാതില്ല. പഴകിയ ദൃശ്യങ്ങള്‍. അഴുകിയ സംഭാഷണങ്ങള്‍. എങ്കിലും ചടുലമായ തിരക്കഥ. പത്മകുമാര്‍ എന്ന സംവിധായകന്‍ ആത്മാര്‍ത്ഥതയോടെയാണ് അത് ചിത്രീകരിച്ചിരിക്കുന്നതും. ആ കഠിനാദ്ധ്വാനം സിനിമയില്‍ പ്രതിഫലിച്ചിട്ടുമുണ്ട്.
നിവൃത്തികേടുകൊണ്ട് അഴിമതിയുടെ അഴുക്കുചാലിലേക്ക് ബാലചന്ദ്രന്‍ ( പൃഥ്വിരാജ് ) എന്ന ബ്രാഹ്മണന്‍ ചാടുകയാണ്. പിന്നെ സ്വാര്‍ത്ഥതയുടെ അന്ധത ബാധിച്ച് ആരെയും കൂസാതയുള്ള കുതിപ്പ്. ഒടുവില്‍ അനിവാര്യമായ ഒറ്റപ്പെടല്‍. സംവിധായകന്‍ പക്ഷെ നായകകഥാപാത്രത്തെ വേണ്ട വിധം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കാട്ടുന്നില്ല. അയാളുടെ പ്രവര്‍ത്തികളുടെ പ്രചോദനങ്ങള്‍ വേണ്ടത്ര വിശ്വാസയോഗ്യമാകുന്നില്ല. അതുകൊണ്ട് തന്നെ നായകനോട് നമുക്ക് പ്രത്യേകിച്ചൊരനുകമ്പ തോന്നുന്നുമില്ല. എന്നാലും കഥ വളരെ വേഗം പറഞ്ഞുപോകുന്നതു കൊണ്ടും, സംഭവപരമ്പരകള്‍ നല്ലവണ്ണം കോര്‍ത്തിണക്കിയിരിക്കുന്നതു കൊണ്ടും, സിനിമ ഒട്ടും ബോറടിപ്പിക്കുന്നില്ല.
കമ്മ്യൂണിസ്റ്റുകാര്‍ വിചിത്ര സ്വഭാവമുള്ളവരാണ്. പ്രത്യേകിച്ച് മലയാള സിനിമയിലുള്ളവര്‍. ബാലചന്ദ്രന്‍റെ അച്ഛന്‍ നമ്പൂതിരി നാടിനു വേണ്ടി എല്ലാം വിറ്റുതുലച്ച ഒരു കമ്മ്യൂണിസ്റ്റാണത്രെ. പക്ഷെ അദ്ദേഹത്തിന് തന്‍റെ ഇല്ലത്തെ അടുക്കളയില്‍ ‘മറ്റുള്ളവര്‍’ കയറുന്നത് ഇഷ്ടമല്ല! ബാലചന്ദ്രനുമുണ്ട് പ്രശ്നങ്ങള്‍. ‘കീഴ്’ജാതിക്കാരനെ അയാളുടെ സഹോദരി വിവാഹം കഴിക്കുന്നതിനെ ബാലചന്ദ്രന്‍ നഖശിഖാന്തം എതിര്‍ക്കുന്നുണ്ട്. അതേ ബാലചന്ദ്രന്‍ തന്നെ, തന്‍റെ ‘മുന്തിയ’ ജാതികാരണം ചുമക്കേണ്ടി വരുന്ന മുള്‍ക്കിരീടത്തെക്കുറിച്ച് വേവലാതിപ്പെടുന്നുമുണ്ട്! സമൂഹത്തിലിപ്പോഴും നിലനില്‍ക്കുന്ന ജാതിചിന്തകളെ വരച്ചുകാട്ടാനെന്നോണം - ആക്ഷേപഹാസ്യരൂപത്തില്‍ - ‘സവര്‍ണ്ണരെ’ പ്രകീര്‍ത്തിക്കുന്ന സംഭാഷങ്ങള്‍ സിനിമയിലുടനീളമുണ്ട്. എന്നാല്‍, സാധാരണ ‘കീഴ്ജാതി’ക്കാര്‍ക്കിടയില്‍ കണ്ടു വരാറുള്ള - അറ്റത്തു നായരെന്നോ സ്വാമിയെന്നോ ഇല്ലാത്ത - ഒരു പേരുള്ള ഒരു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനുണ്ട് കഥയില്‍. അയാളെക്കൊണ്ട് ഒരുപാടു ചെറ്റത്തരം സംവിധായകന്‍ കാണിപ്പിക്കുന്നു. എന്തു സന്ദേശമാണ് ഇതു നല്‍കുന്നത്?
പൃഥ്വിരാജിന്‍റെ flat ആയിട്ടുള്ള പ്രകടനമാണ്. ഒട്ടൊക്കെ കഥാപാത്രത്തിന് അനുയോജ്യമായതിനാല്‍ അത് വലിയ ദോഷം ചെയ്യുന്നില്ല. നിയന്ത്രിച്ചില്ലെങ്കില്‍ കാടുകയറുന്ന നടനാണ് ജഗതി. ഇവിടെ അദ്ദേഹം നന്നായിരിക്കുന്നു.
സാമ്പത്തികമടക്കമുള്ള എല്ലാവിധ പരിമിതികളും മനസ്സിലാക്കിക്കൊണ്ട് തന്നെ മലയാള സിനിമയെ ഒരന്താരാഷ്ട്ര നിലവാരത്തില്‍ നിന്ന് നോക്കിക്കാണുക എന്ന ഉദ്ദേശമാണ് എനിക്കുള്ളത്. കച്ചവടക്കണ്ണോടുകൂടി മാത്രമാണ് ഇവിടെ പല സിനിമകളുമെടുക്കപ്പെടുന്നതെങ്കിലും, ഒരു minimum respect പോലും മാദ്ധ്യമത്തോടോ പ്രേക്ഷകരോടോ ഇക്കൂട്ടര്‍ കാട്ടാറില്ല. പുതിയൊരാശയം പ്രതിപാദിക്കുകയോ, സിനിമയുടെ വ്യാകരണത്തിന് എന്തെങ്കിലുമൊരു സംഭാവന നല്കുകയോ ചെയ്യുന്നില്ലെങ്കിലും, സംവിധായകന്‍റെ അര്‍പ്പണബോധം ഈ ചിത്രത്തെ നല്ല സിനിമകളുടെ പട്ടികയിലുള്‍പ്പെടുത്താന്‍ എന്നെ പ്രേരിപ്പിക്കുന്നു.
2 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.


(Review rating - 9 votes, average: 3.89 out of 5)

the story looks very similar to thakazhi’s “enippadikal”
good film
good performance from jagathy.