ആകാശം
ബോംബ് വെച്ച് നൂറുകണക്കിനാളുകളെ കൊന്ന ഒരു ഭീകരന്‍റെ രേഖാചിത്രം പത്രങ്ങളിലും ടി. വി. യിലും തെളിയുകയാണ്. ആ ചിത്രത്തിന്, മര്യാദക്കാരനായി ജീവിക്കുന്ന നിങ്ങളുടെ മുഖവുമായി സാദൃശ്യമുണ്ടെങ്കിലോ? ടി. എ. റസാക്ക് എഴുതി, സുന്ദര്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന പുതിയ സിനിമയുടേതാണ് സുന്ദരമായ ഈ plot.
മനോഹരന്‍ ( അശോകന്‍ ) തന്‍റേയും കുടുംബത്തിന്‍റേയും കാര്യം നോക്കി അടങ്ങിയൊതുങ്ങി ജീവിക്കുന്ന ഒരു മെക്കാനിക്കാണ്. ഗുരുവായൂരില്‍ ബോംബ് വെച്ച ഭീകരനെന്ന് സംശയിക്കപ്പെടുന്നയാളിന്‍റെ രേഖാചിത്രത്തിന് മനോഹരന്‍റെ മുഖവുമായി നല്ല സാമ്യമുണ്ടാവുന്നു. തുടര്‍ന്ന് കുടുംബത്തില്‍ നിന്നും, കൂട്ടുകാരില്‍ നിന്നും, സമൂഹം, നിയമം, സര്‍ക്കാര്‍ എന്നിവയില്‍ നിന്നുമുണ്ടാവുന്ന സംശയങ്ങളും തിക്താനുഭവങ്ങളും അയാളെ നാശത്തിലേക്ക് നയിക്കുന്നു. എവിടെയോ ഉളള, ആരുടെയോ ഊഹാപോഹം കേട്ട് വരച്ച ഒരു രേഖാചിത്രം ( ദൈവം ) കാരണം, മനോഹരന്‍ ( ഒരു സാധാരണ മനുഷ്യന്‍ ) അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടാണ് ഇത്.
മേല്‍പറഞ്ഞ ഈ allegory-യിലായിരുന്നു സംവിധായകനും കഥാകൃത്തും ശ്രദ്ധിച്ചിരുന്നതെങ്കില്‍ ചിത്രം ഗംഭീരമായേനെ. എന്നാലവര്‍, നായകനെ ഒരു schizophrenic ആക്കി മാറ്റി, അയാളുടെ പതനം ഈ വിഭ്രാന്തി മൂലമാണെന്ന് വരുത്തിയിരിക്കുന്നു. മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും അടിമപ്പെട്ടുപോകുന്നവരെക്കുറിച്ച് പേരിനു മാത്രമേ പരാമര്‍ശമുളളൂ. ഒരു ക്ലാസ്സിക് ഉണ്ടാക്കാനുളള അവസരമാണ് ഇതുവഴി ഇവര്‍ കളഞ്ഞുകുളിച്ചത്. എന്നാല്‍ ചിത്രം മോശമാണെന്നിതിനര്‍ത്ഥമില്ല. മതതീവ്രവാദത്തെക്കുറിച്ചു പറഞ്ഞിട്ടുളള മറ്റു മലയാള ചിത്രങ്ങളിലെന്നപോലെ ഇതിലും ഏച്ചു കെട്ടിയ സംഭാഷണങ്ങളുണ്ടെങ്കിലും അവിടവിടെ നല്ല വാചകങ്ങള്‍ റസാക്ക് എഴുതിയിട്ടുണ്ട്. ഛായാഗ്രഹകനും ശബ്ദലേഖകനും സംഭാവനയൊന്നും ചെയ്തിട്ടില്ലെങ്കിലും, സുന്ദര്‍ദാസ് പല രംഗങ്ങളും നന്നായി ചിത്രീകരിച്ചിട്ടുമുണ്ട്.
അനാവശ്യമായ പാട്ടുകള്‍ ഒഴിവാക്കാമായിരുന്നു. ചിത്രത്തിന് അവ ദോഷം മാത്രമേ ചെയ്തിട്ടുളളൂ. ഗാനങ്ങളുടെ കാസറ്റിനും സി. ഡി. ക്കും ഇപ്പൊ മാര്‍ക്കറ്റില്ല. പാട്ടുണ്ട് എന്ന കാരണം കൊണ്ട് പ്രത്യേകിച്ചാരും സിനിമ കാണാന്‍ കയറുകയുമില്ല. കഥയുടെ ഭാഗമല്ലെങ്കില്‍ ഇമ്പമില്ലാത്ത ഇത്തരം ഗാനങ്ങള്‍ സിനിമയുടെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നുമില്ല. പിന്നെ എന്തിനാണ് പാട്ടുകള്‍ കുത്തിക്കയറ്റുന്നത്? നമ്മുടെ സിനിമയുടെ വളര്‍ച്ചക്ക് തുരങ്കം വെക്കുന്നതില്‍ ഒരു പ്രധാന പങ്ക് പാട്ടുകള്‍ വഹിക്കുന്നുണ്ട്. സിനിമയില്‍ നിന്ന് പാട്ടുകളെ പടിയടച്ച് പിണ്ഡം വെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നടീനടന്മാരെല്ലാവരും തന്നെ നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് – ടി. പി. മാധവനൊഴികെ. അദ്ദേഹം ഏതെങ്കിലുമൊരു ചിത്രത്തില്‍ നന്നായി അഭിനയിച്ചിട്ടുളളതായി അറിവില്ല. ഉടുതുണിക്ക് മറുതുണിയില്ലാതെ നാടുവിടുന്ന മനോഹരന്‍റെ തലമുടി, രണ്ട് ദിവസം കഴിഞ്ഞിട്ടും heat ചെയ്ത് ഒതുക്കിയാണ് വെച്ചിരിക്കുന്നത്. ഇത്തരം makeup, സീനുകളുടെ ആസ്വാദ്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്നു. അദ്ധ്വാനിയായ ഒരു മെക്കാനിക്കിന്‍റെ ശരീരം fit ആയിരിക്കും. ഇങ്ങനെയൊരു കഥാപാത്രം അവതരിപ്പിക്കുന്നതിനു മുമ്പ്, മുടി ഒതുക്കിവെക്കുന്നതിനു പകരം അശോകന്‍ തന്‍റെ വയറ് കുറക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തിന്‍റെ കുടവയര്‍, അടക്കാമരത്തില്‍ ആമ കയറിയിരിക്കുന്നതു പോലെയുണ്ട്.
കലയും ആസ്വാദനവും പരസ്പരപൂരകങ്ങളാണ്. ഒന്നിന്‍റെ വളര്‍ച്ച മറ്റതിനെ ആശ്രയിച്ചിരിക്കും. ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ലാതെ, അശ്ലീല രംഗങ്ങളില്ലാതെ, അതിമാനുഷകമായ അടിതടിയില്ലാതെ, ‘technologically advanced’ ആകാന്‍ വേണ്ടി അനാവശ്യമായി കാശു ചിലവാക്കാതെ, ജാഢകളില്ലാതെ, ആത്മാര്‍ത്ഥതയോടെ എടുത്തിരിക്കുന്ന ഒരു കൊച്ചു ചിത്രമാണ് ഇത്. സിനിമ ഉദാത്തമായിരിക്കണം എന്നില്ല, പക്ഷെ ഇത്തരം ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പ്രൊഹത്സാഹിക്കപ്പെടണം. പഴകി ദ്രവിച്ച പ്രമേയങ്ങളല്ലാതെ, വേറിട്ട വിഷയങ്ങള്‍ പറയുന്നവര്‍ക്ക് വേണ്ടി പണം മുടക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് നമ്മുടെ സഹായമുണ്ടാവണം. നാനൂറും അഞ്ഞൂറും രൂപ കൊടുത്ത് തമിഴ് സിനിമ കാണാന്‍ തിരക്കു കൂട്ടുന്നതിനടയില്‍ വെറും മുപ്പത് രൂപ മുടക്കി ഇത്തരം സിനിമകള്‍ കാണുവാനും നമ്മള്‍ സമയം കണ്ടെത്തണം. ഭാവിയില്‍ നമുക്കു തന്നെ അതു ഗുണം ചെയ്യും.
3 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

(Review rating - 4 votes, average: 4.5 out of 5)

Good Review….. The comment “ഇത്തരം ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പ്രൊഹത്സാഹിക്കപ്പെടണം” itself shows that, its a watachable movie!!!
Regarding the songs, its part of the advertisement starategy. Songs gives free publicity to the movie. Guess thats why almost all movies comes with some songs….
You are right. Let songs be released as movie soundtracks but not included in film. As vcd/cd’s are popular now ,this idea is good. Films wont lose its flow while watching.