ഷേക്സ്പിയര്‍ M. A. മലയാളം
ജയഭാരതി തീയറ്റേഴ്സിന് വേണ്ടി നാടകം എഴുതുന്നത് ഷേക്സ്പിയര്‍ പവിത്രനാണ് ( ജയസൂര്യ ). അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുളള അദ്ദേഹം ഇപ്പോള്‍ writer’s block അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ജയഭാരതി തീയറ്റേഴ്സിന് ഉടനെ ഒരു പുതിയ നാടകം വേണം താനും. തീയറ്ററുകാര്‍ പവിത്രനെ ഒരു നാട്ടിന്‍പ്രദേശത്ത് കൊണ്ടുപോയി താമസിപ്പിക്കുന്നു, എഴുതുവാനായി.
തന്‍റെ പുതിയ വാസസ്ഥലത്ത് വെച്ച് പവിത്രന്‍ ഒരു പെണ്‍കുട്ടിയെ ( റോമ ) പരിചയപ്പെടുന്നു. ( മലയാള സിനിമയല്ലേ, പെണ്ണ് ചുണക്കുട്ടിയായിരിക്കണം, വീട്ടില്‍ ഒരിക്കലും തീരാത്ത പ്രശ്നങ്ങളും കാണണം.) അയാള്‍ ആ പെണ്‍കുട്ടിയുടെ കഥ നാടകമാക്കിത്തുടങ്ങുന്നു. കഥക്ക് വേണ്ടി നാടകകൃത്ത്, ജീവിതത്തില്‍ പ്രയോഗിക്കാനായി അവളില്‍ പല ആശയങ്ങളും കുത്തിവെക്കുന്നു. ( പണ്ട് ഉപയോഗിച്ചിട്ടുളളതെങ്കിലും നല്ലൊരു thread ആണത്. ) എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പെണ്‍കുട്ടി അപ്രത്യക്ഷയാവുന്നു - പണമുണ്ടാക്കി കുടുംബം രക്ഷിക്കാനായി ബാംഗ്ലൂരിലേക്ക്. നായകന്‍റെ അപ്പോഴത്തെ പരാക്രമവും കീറിവിളിയും കാണുമ്പോള്‍ നമ്മള്‍ ഊഹിക്കണം, അവര്‍ കടുത്ത പ്രേമത്തിലായിരുന്നുവെന്ന്. നായകന്‍ തന്‍റെ കാമുകിയെ അന്വേഷിച്ച് ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നു. (ജയഭാരതി തീയറ്റേഴ്സിന്‍റെ നാടകമൊക്കെ പോട്ട്, പുല്ല്! ) മാസങ്ങള്‍ക്ക് ശേഷം അയാള്‍ അവളെ കണ്ടെത്തുന്നു, വിചിത്രമായ കഥകളറിയുന്നു, പിന്നെ ക്ലൈമാക്സ്. ( അവസാന രംഗത്തിലേക്കുളള കട്ട് നന്നായിട്ടുണ്ട്. )
‘പച്ച’യായ മനുഷ്യരുടെ കഥയ്ക്ക് വേണ്ടിയാണത്രേ കഥാകൃത്ത് ബഷീറിനെയൊക്കെപ്പോലെ ‘പച്ച’യായ മനുഷ്യരെ അന്വേഷിച്ച് നടക്കുന്നത്. എന്താണ് ഈ പച്ച എന്ന് ഞാന്‍ പണ്ട് മുതലേ ആലോചിക്കാറുണ്ട്. ( നമ്മള്‍ സാധാരണക്കാരുടെ കളറെന്താണാവോ! ) പ്രസ്തുത കലാകാരന്‍ കണ്ടെത്തുന്ന പെണ്‍കുട്ടി അവസാനം പറയുന്ന കഥ പക്ഷേ, വല്ല magenta-യോ fuchsia -യോ ഒക്കെ ആവാനേ തരമുളളൂ. അത്രക്ക് വിചിത്രമാണ് സംഭവങ്ങള്‍.
അലറിപ്പാഞ്ഞ് പോകുന്ന ഒരു തീവണ്ടിയുടെ അടുത്ത് നില്‍ക്കുന്ന പ്രതീതിയാണ് സിനിമയുടെ ആദ്യപകുതി കാണുമ്പോഴുണ്ടാവുക. ഒച്ചപ്പാടും ബഹളവുമുളള രംഗങ്ങള്‍ ഒന്നിനുപുറകേ ഒന്നായി അതിവേഗം വന്നുപോകുന്നു. രണ്ടാം പകുതിയുടെ ചിത്രീകരണം ഭേദമാണ്. ഒന്നിനും ഒരു ഗുണവും ചെയ്യാത്ത മടുപ്പിക്കുന്ന പാട്ടുകള്‍ ഈ സിനിമയിലുമുണ്ട്.
സലീം കുമാറിന്‍റെ തമാശകള്‍ അടുത്തിടെയായി ചിരി ഉണര്‍ത്തുന്നുണ്ട്. അശ്ലീലച്ചുവയുളളവയാണ് അദ്ദേഹത്തിന്‍റെ മിക്ക ‘നമ്പറു’കളെങ്കിലും, അവ അറപ്പുളവാക്കുന്നില്ല. ജയസൂര്യ എല്ലാ സിനിമകളിലും ജയസൂര്യ തന്നെ. ജഗതിയും തഥൈവ.
എഴുത്തുകാരനും അഭിനേതാവുമായ Jean-Claude Carrière എന്ന ഫ്രഞ്ചുകാരന്‍റെ ‘The Secret Language of Film’ എന്ന പുസ്തകം സിനിമാപ്രേമികള്‍ക്ക് അറിയാമായിരിക്കും ( വായിച്ചിരിക്കേണ്ട ഒന്നാണ്. ) വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാനത് വായിച്ചതെങ്കിലും എന്‍റെ ഓര്‍മ്മയിലിപ്പോഴുമുളള ഒരു ഭാഗത്തെപ്പറ്റി ഇവിടെ പറയാം. ഒരിക്കല്‍ Carrière-യും മറ്റും ഫ്രഞ്ച് നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന ദരിദ്രരായ ആളുകളുടെ കഥ പറയുന്ന ഒരു സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു apartment complex ഇത്തരക്കാര്‍ താമസിക്കുന്ന സ്ഥലമായി മാറ്റി അവിടെയായിരുന്നു ചിത്രീകരണം. ഷൂട്ടിങ്ങ് തുടങ്ങുതിന് മുമ്പ് ധൃതി വെച്ച് കലാസംവിധായകന്‍ ആ സമുച്ചയത്തിന്‍റെ കോണിപ്പടികള്‍ക്ക് ഇരുവശങ്ങളിലുമുളള ചുവരുകളില്‍ കുറേ കോറിവെച്ചു. എന്തിനാണത് ചെയ്തതെന്ന് മറ്റുളളവര്‍ക്ക് ജിജ്ഞാസയായി. അദ്ദേഹം മറുപടി പറഞ്ഞു, “സാധാരണ ഇത്തരം കെട്ടിടങ്ങളില്‍ അനധികൃതമായാണ് ആളുകള്‍ താമസിക്കാറ്. ഒഴിപ്പിക്കാനായി ബന്ധപ്പെട്ടവര്‍ വരുമ്പോള്‍, ഇവര്‍ ധൃതിയില്‍ കയ്യില്‍ കിട്ടാവുന്ന ഗൃഹോപകരണങ്ങളൊക്കെയെടുത്ത് ഓടിപ്പോവും. അങ്ങനെ വേഗത്തില്‍ പോവുമ്പോള്‍, ഈ സാധനങ്ങള്‍ ചുവരുകളില്‍ തട്ടി കോറലുകള്‍ വീഴും. ഇത്തരം പാടുകള്‍ ഇങ്ങനെയുളള apartment complex-കളില്‍ കാണാനാവും.” ആ കലാസംവിധായകന്‍റെ ശ്രദ്ധ എവിടെയൊക്കെ എത്തി എന്ന് ആലോചിച്ച് നോക്കൂ! ഇങ്ങനയുളള കാര്യങ്ങള്‍ കഥക്ക് നേരിട്ട് വലിയ പ്രയോജനമൊന്നും ചെയ്യുകയില്ലായിരിക്കാം, പക്ഷെ സിനിമയുടെ totality-ക്ക് ഇത്തരം detailing വളരെ വലിയ ഗുണം നല്‍കുക തന്നെ ചെയ്യും. നമ്മുടെ സിനിമയിലെ കലാസംവിധാനം എന്നു വെച്ചാല്‍ എല്ലാം മോടിപിടിപ്പിക്കുക എന്നുളളതാണ്. ചെറ്റക്കുടിലാണെങ്കിലും അലങ്കാരവസ്തുക്കള്‍ക്ക് ഒരു പഞ്ഞവും കാണില്ല. ഒരു മീന്‍കാരിയുടെ വീട്ടില്‍ Benefits Supervisor Sleeping-ന്‍റെ കോപ്പി വരെ ഇക്കൂട്ടര്‍ വെച്ചുകളയും! ഈ സിനിമയില്‍, പവിത്രന്‍ വന്നു താമസിക്കുന്ന ഓല മേഞ്ഞ വീട്ടില്‍ ഇല്ലാത്ത സാധനമൊന്നുമില്ല. പത്തമ്പത് പുസ്തകങ്ങളുളള ഒരു cupboard വരെ ഉണ്ട്. അതാരുടെയായിരിക്കും, അത്തരമൊരു വീട്ടില്‍ അതെങ്ങിനെ വന്നു എന്നൊന്നും ഒരു ചിന്തയുമില്ല. സ്ഥലം നിറക്കണം, അതിനെന്തെങ്കിലുമൊക്കെ വെക്കണം, അത്രതന്നെ!
സിനിമയുടെ അവസാനം പരിതാപകരമാണ്. വയസ്സായ അച്ഛന്‍, ഭ്രാന്തിയായ അമ്മ, നാടൊട്ടുക്ക് കടം വരുത്തിവെച്ച് കടന്നുകളഞ്ഞ ചേട്ടന്‍ തുടങ്ങിയ മലയാള സിനിമയിലെ സ്ഥിരം കഷ്ടപ്പാടുകളാണ് രാജേഷ് കെ. രാമന്‍റെ ഈ കഥയിലെ നായികക്കും. ബാംഗ്ലൂരിലെ ബസ് സ്റ്റാന്‍റിലും വഴിപോക്കരോടുമൊക്കെ ചോദിച്ച് ചോദിച്ചാണ് നായികയെ കാമുകന്‍ മാസങ്ങള്‍ കൊണ്ട് കണ്ടെത്തുന്നത്. പണം കിട്ടുന്നതോടെ അമ്മയുടെ ഭ്രാന്ത് നിശേഷം മാറുന്നു. ഇങ്ങനെയുളള കോമാളിത്തരങ്ങളൊക്കെ ഉണ്ടെങ്കിലും പുതിയ മലയാള സിനിമകള്‍ ശീലമുളളവര്‍ക്ക് ഇറങ്ങിപ്പോകാന്‍ തോന്നിക്കുന്ന രീതിയില്‍ ഷൈജു-ഷാജിയുടെ ഈ ചിത്രം ബോറടിപ്പിക്കില്ല. എന്നാല്‍ ശബ്ദം സഹിക്കവയ്യാതെ ഒരു പക്ഷെ നിങ്ങള്‍ പകുതിവെച്ച് തീയറ്റര്‍ വിടാന്‍ സാദ്ധ്യതയുണ്ട്.
6 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

(Review rating - 2 votes, average: 4 out of 5)

ithippo aake confusion ayallo… thatsmalayalam.com okke
parayunathu comedy kollam ennanallo. enthayalum chaadi keri poyi kandu
cash kalyunilla appo… aa annan thambi kanda sheenam enikithu vare maari illa
onnu po uvva………annan thampi kandathinte sheenam polum…………enna iyaalu poyi aa chinthavishayam kaanu……..ella sheenavum maari kittum……
Very good review !!!!! If this film is (even) a bit different from third rated masala films of super stars, it should be encouraged !!!! Then only more new directors with comparatively fresher ideas will come into Malayalam Film Industry !!!!!
കൊള്ളാം …. സലിം കുമാര് നന്നായിട്ടുണ്ട് എന്ന് ഇന്ദുലേഖയിലും വായിച്ചു … ഈ transliteration ഫ്രെയിം ഇവിടെ എങ്ങിനെയാണ് ഇന്സേര്ട്ട് ചെയ്തത് എന്ന് മെയില് ചെയ്തു തരാവോ ?
kurachu confusedaanennu thonunnu……appo chumma kandirikaavunna padamaanalle?!
“നമ്മുടെ സിനിമയിലെ കലാസംവിധാനം എന്നു വെച്ചാല്‍ എല്ലാം മോടിപിടിപ്പിക്കുക എന്നുളളതാണ്. ചെറ്റക്കുടിലാണെങ്കിലും അലങ്കാരവസ്തുക്കള്‍ക്ക് ഒരു പഞ്ഞവും കാണില്ല.”
നൂറു ശതമാനം യോജിക്കുന്നു .